അസം സർവകലാശാല
ബെംഗളൂരു: ബെംഗളൂരുവിൽ വച്ച് നടന്ന സമ്മേളനത്തിനിടെ ഗവേഷകയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് അസം സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർക്കെതിരേ കേസെടുത്തു. ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഗവേഷക അസം സർവകലാശാല പൊലീസിൽ ഒക്റ്റോബർ 11ന് പരാതി നൽകുകയായിരുന്നു.
തങ്ങൾക്ക് പരാതി ലഭിച്ചതായും സംഭവം അന്വേഷിച്ചുവരുകയാണെന്നും മുതിർന്ന എസ്പി പ്രതിം ദാസ് പറഞ്ഞു. കേന്ദ്ര സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും പൊലീസ് ഇടപെടുന്നതിനു മുൻപ് സർവകലാശാലയുടെ ആഭ്യന്തര റിപ്പോർട്ട് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷക പരാതി നൽകിയതായും വിഷയം ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് കൈമാറിയതായും സർവകലാശാലയിലെ രജിസ്ട്രാർ കിരൺ നാഥ് വ്യക്തമാക്കി. സെപ്റ്റംബറിൽ ബെംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര അക്കാദമിക് സമ്മേളനത്തിനിടെയാണ് സംഭവം നടന്നതെന്നും പ്രൊഫസർ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും ഇരയായ ഗവേഷക മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബർ 26ന് രാത്രി അക്കാദമിക് ചർച്ചയ്ക്ക് ശേഷം തന്റെ റൂം വരെ വരാമെന്ന് പ്രൊഫസർ പറഞ്ഞതായും ലിഫ്റ്റിൽ വച്ച് ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ഗവേഷക ആരോപിക്കുന്നു. ഇക്കാര്യം വിസമ്മതിച്ചപ്പോൾ തന്റെ പഠനത്തെ ഇത് മോശമായി ബാധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗവേഷക പറഞ്ഞു.
തുടർന്ന് പ്രതിശ്രുത വരനെ ബന്ധപ്പെടുകയും രണ്ട് വനിതാ അധ്യാപികയുടെ സഹായം തേടുകയും ചെയ്തെന്നും അവർ തന്നോടൊപ്പം അന്ന് രാത്രി തങ്ങിയതായും ഗവേഷക വെളിപ്പെടുത്തി. പിന്നീട് പ്രൊഫസർ റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ രണ്ട് യോഗങ്ങളെ പറ്റിയുള്ള വിവരം തന്നോട് മറച്ചുവച്ചെന്നും പിഎച്ച്ഡി പൂർത്തിയാക്കാൻ തന്നെ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പറയുന്നു.