പന്തീരാങ്കാവ് ടോളിൽ വ്യാജ ക്യുആർ കോഡ് വഴി തട്ടിയെടുത്തത് 7 ലക്ഷം രൂപ; ആറ് പേർക്കെതിരേ കേസ്
Representative image
പന്തീരാങ്കാവ്: പന്തീരാങ്കാവ് ഒളവണ്ണ ടോളിൽ വ്യാജ ക്യുആർ കോഡ് വഴി 7 ലക്ഷം രൂപ പറ്റിച്ച കേസിൽ ആറ് ജീവനക്കാർക്കെതിരേ കേസ്. വിപിൻ രജ്പുത് (23), ഉമാശങ്കർ (40), മോണ്ടി രജ്പുത്(21), ഹരിമോഹൻ (19), ശിവം(21), നവീൻസിങ് ഭഡോരിയ(24) എന്നിവരാണ് പ്രതികൾ. ഇവരിൽ ആറാം പ്രതിയായ നവീൻസിങ് ഭഡാരിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റു പ്രതികളെല്ലാം ജോലിയുടെ കരാർ കാലാവധി പൂർത്തിയായതിനാൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരുന്നു.
ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമസ്ഥർക്ക് സ്വകാര്യ അക്കൗണ്ടുകളിലേക്കുള്ള ക്യുആർ കോഡുകളാണ് പ്രദർശിപ്പിച്ചിരുന്നത്. സെപ്റ്റംബർ 2 മുതൽ ഒക്റ്റോബർ 5 വരെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ടോൾ പിരിവിൽ വലിയ ഇടിവ് കണ്ടെത്തിയതിനെത്തുടർന്ന് ടോൾ പ്ലാസയുടെ നടത്തിപ്പ് കമ്പനി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. കമ്പനിയുടെ മാനേജർ ആയ അമിത് കുമാർ ശർമയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.