പഞ്ചാബിൽ ഗ്രനേഡും പിസ്റ്റലും 3 കിലോ ഹെറോയിനുമായി ഏഴ് പേർ പിടിയിൽ
representative image
ചണ്ഡീഗഢ്: പഞ്ചാബിൽ ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, 3.4 കിലോ ഗ്രാം ഹെറോയിൻ എന്നിവയുമായി ഏഴ് പേരെ പിടികൂടി. അമൃത്സർ റൂറൽ പൊലീസാണ് ഇവരെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവ് ബുധനാഴ്ച അറിയിച്ചു.
അറസ്റ്റിലായവരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. വിദേശത്തുള്ള കള്ളക്കടത്തുകാരുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ക്രിമിനൽ സംഘങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി അനധികൃത ആയുധങ്ങൾ എത്തിച്ചുനൽകുന്നവരുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നുവെന്നാണ് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് ഛാട്ടിവിന്ദ്, ലോപോക്കെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശൃംഖലയുടെ പൂർണവ്യാപ്തി കണ്ടെത്തുന്നതിനും ഇതിന്‍റെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുന്നതിനുമായി അന്വേഷണം തുടരുകയാണെന്നും ഡിജിപി പറഞ്ഞു. മയക്കുമരുന്ന് കടത്ത്, അനധികൃത ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത്, സംഘടിത കുറ്റകൃത്യ ശൃംഖലകൾ എന്നിവയ്ക്കെതിരായ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.