യാസിർ അഫ്രീദ്
കൊച്ചി: 70 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ 29കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയ യാസിർ അഫ്രീദ് ആണ് പിടിയിലായത്. എംജി റോഡിലെ കോഫി ഷോപ്പ് ജീവനക്കാരനാണ് പ്രതി. ഹരിതകർമ സേനയിലെ ജീവനക്കാരിയായ പരാതിക്കാരി വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അതിക്രമത്തിന് ഇരയായത്. പുലർച്ചെ മാലിന്യം ശേഖരിച്ച് മാലിന്യ കേന്ദ്രത്തിൽ നിക്ഷേപിച്ച ശേഷം മടങ്ങുന്നതിനിടെ വഴിയിൽ വച്ചായിരുന്നു ആക്രമണം.
സുഹൃത്തിനെ യാത്ര അയയ്ക്കാൻ പോയി മടങ്ങി വന്നിരുന്ന യാസിർ സ്ത്രീക്കരികിൽ ബൈക്ക് നിർത്തി കടന്നു പിടിക്കുകയും റോഡിലേക്ക് വലിച്ചിടുകയുമായിരുന്നു. സ്ത്രീ ഉറക്കെ കരഞ്ഞതോടെ തെരുവുനായ്ക്കൾ കുരച്ചു കൊണ്ട് ഓടിയെത്തി. അതോടെ പ്രതി ബൈക്കെടുത്ത് സ്ഥലം വിടുകയായിരുന്നു. കൈയിലും മുഖത്തും മുറിവേറ്റ സ്ത്രീ പിറ്റേന്ന് തന്നെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അതിക്രമം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതി ഹെൽമറ്റ് വച്ചിരുന്നതിനാൽ തിരിച്ചറിയാൻ ആയില്ല. ഒടുവിൽ പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. പരാതി കൊടുത്തതിനെക്കുറിച്ച് അറിയാത്തതിനാൽ ഇയാൾ പതിവു പോലെ ജോലിക്കു പോയിരുന്നുവെന്നും സംഭവസമയത്ത് ഇയാൾ മദ്യപിച്ചതായി സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾ സമാനമായ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.