രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാനെ വെടിവച്ച സംഭവം; പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി
ബാഗ്പത് (ഉത്തർപ്രദേശ്): രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ (പിബിജി) 26കാരനായ ജവാനെ വെടിവച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റിൽ. ഗോപാൽപുർ ഖദാന ഗ്രാമവാസികളായ ധീരജ്, മോനു എന്ന പ്രവീൺ എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 10,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബുധ്പുർ റെയ്ൽവേ സ്റ്റേഷന് സമീപം പ്രതികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി വളയുകയായിരുന്നു. പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ധീരജിന് പരുക്കേറ്റു. മോനു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പൊലീസ് പിടികൂടി. ധീരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽ നിന്ന് രണ്ട് നാടൻ തോക്കുകൾ, രണ്ട് തിരകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാനായ സൗരഭ് തോമർ, സഹോദരൻ വിനീത് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികൾ സൗരഭിന് നേർക്ക് വെടിവയ്ക്കുകയും വിനീതിന്റെ തലയ്ക്ക് വടികൊണ്ട് അടിക്കുകയുമായിരുന്നു.
പരുക്കേറ്റ ഇരുവരെയും പൊലീസ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സൗരഭിനെ മീററ്റിലെ സുഭാർതി മെഡിക്കൽ കോളെജിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ തലയിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.