ടൈഗർ ഷ്രോഫ്
ഇന്ദോർ: ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നും പ്രാഞ്ജൽ താക്രാൻ (22) എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ഡിസിപി രാജേഷ് രാജേഷ് ദാൻദോതിയ വ്യക്തമാക്കി. ഇയാൾ ഹരിയാനയിലെ സോനിപത് സ്വദേശിയാണ്. സഹോദരന്റെ ചികിത്സയ്ക്കു വേണ്ടി 5 ദിവസം മുൻപാണ് ഇയാൾ ഇന്ദോറിലെത്തിയത്.
ഒക്റ്റോബർ 18ന് നടന്ന ആക്രമണത്തിൽ ഇയാൾക്കുള്ള പങ്ക് അറിയാൻ മുംബൈ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഡിസിപി കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ടൈഗർ ഷ്രോഫിന് പരുക്കുകളൊന്നും പറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും ഒരു ആരാധകനും പരുക്കേറ്റിരുന്നു.
2022ൽ നടന്ന സിനിമാ പ്രചാരണ പരിപാടിയിൽ വച്ച് ചലചിത്രമേഖലയിലെ ഒരേയൊരു ടൈഗർ സൽമാൻ ഖാനാണെന്ന് ടൈഗർ ഷ്രോഫ് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നടനെ ആക്രമിച്ചതെന്ന് നേരത്തെ പ്രതികളിലൊരാൾ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിക്കു വേണ്ടി ഏറ്റെടുത്ത അനിൽ പണ്ഡിറ്റിനെയും മുംബൈ പൊലീസ് കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.