സ്പാ പീഡനക്കേസ്: അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്റ്ററെ പിരിച്ചു വിടും

 
Crime

സ്പാ പീഡനക്കേസ്: അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്റ്ററെ പിരിച്ചു വിടും

ഡ്രീംസ്‌ സ്‌പായുടെ ഉടമ അനുരൂപാണെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്തത്.

MV Desk

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്റ്റർ അനുരൂപിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തിരുവനന്തപുരം കോർപ്പറേഷൻ. പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായതിന് പിന്നാലെ അനുരൂപിനെ സസ്പെൻഡ് ചെയ്തിരുന്നു.

ആന്ധ്രാ സ്വദേശിനി പീഡനത്തിന് ഇരയായ ഡ്രീംസ്‌ സ്‌പായുടെ ഉടമ അനുരൂപാണെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്തത്. ദിവസവും അനുരൂപിന്‍റെ അക്ക‍ൗണ്ടിലേക്ക്‌ സ്‌പായിൽ നിന്ന്‌ 25,000 രൂപവരെ നൽകുന്നതിന്‍റെ ബാങ്ക് ഇടപാടുകളുടെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫിസിൽ ആക്കുളം വാർഡിന്‍റെ ചുമതലയുള്ള ഹെൽത്ത്‌ ഇൻസ്‌പെക്റ്ററായിരുന്നു അനുരൂപ്‌.

ഡ്രീംസ്‌ സ്പായുടെ നടത്തിപ്പുകാരനായ നിഷാന്ത്‌ നേരത്തേ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഉടമ അനുരൂപാണെന്ന വിവരം ലഭിച്ചത്‌. പീഡനത്തിന് ഇരയായ പെൺകുട്ടി അനുരൂപിനെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പെണ്‍കുട്ടിയെ ബുധനാഴ്‌ച സ്പായിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

അതേസമയം, കോവളത്തെ സ്‌പാകളിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇടപാടുകാരുടെ ലിസ്‌റ്റ്‌ എടുത്ത്‌ നിയമനടപടികളിലേക്ക്‌ കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പോക്‌സോ കേസായതിനാൽ പെൺകുട്ടിയെ ഉപദ്രവിച്ച എല്ലാ ഇടപാടുകാരും കുടുങ്ങുമെന്നാണ് കണക്കുകൂട്ടൽ.