സംസ്ഥാന വ്യാപകമായി പരിശോധന.

 

Freepik

Crime

മദ്യപിച്ച് വാഹനമോടിച്ചതിന് ഒറ്റ രാത്രി 1,931 കേസ്

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ, മദ്യപിച്ച് വാഹനമോടിച്ചതിന് 1,931 കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച 4 മണി മുതൽ വെള്ളിയാഴ്ച രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.

മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനുപുറമെ, വാറന്‍റുകൾ നടപ്പിലാക്കുക, കാപ്പാ പോലുള്ള നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പരിശോധിച്ചു.

അബ്കാരി നിയമപ്രകാരം 631 കേസുകളും, കോട്പ്പ നിയമപ്രകാരം 382 കേസുകളും, എൻഡിപിഎസ് നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 124 കേസുകളും ഗെയിമിങ് ആക്റ്റ് പ്രകാരം 30 കേസുകളും സ്പെഷ്യൽ ലോക്കൽ ലോ പ്രകാരം 523 കേസുകളും സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പുറമെ, സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ 796 പരിശോധനകൾ നടത്തുകയും, 469 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറന്‍റുകളും 87 ലോങ് പെൻഡിങ് വാറന്‍റുകളും നടപ്പിലാക്കുകയും ചെയ്തു. യുഐ കേസുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം 67 പരിശോധനകൾ നടത്തുകയും അതിൽ ഒരു നിയമലംഘനം കണ്ടെത്തുകയും ചെയ്തു.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരം മേഖലാ ഡിഐജിമാരും സോണൽ ഐജിമാരും നേരിട്ട് വിലയിരുത്തിയ ഈ സ്പെഷ്യൽ ഡ്രൈവ്, സംസ്ഥാനത്തെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരി ഉപയോഗത്തിനുമെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപ്പിലാക്കിയത്.