കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി തമിഴ്നാട്ടിലേക്ക് കടത്തി കടത്തി, അധ്യാപകൻ പിടിയിൽ
കാട്ടാക്കട: കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വിപിഎം ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ വെള്ളറട ജങ്ഷനിൽ ദാസ് ഹൗസിൽ ഡെനിൻ ദാസ് (44) ആണ് വനംവകുപ്പിന്റെ പിടിയിലായത്. കേരള- തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള നായാട്ട് സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
സെപ്റ്റംബർ 26നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്തെ മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിൽവച്ചാണ് കാട്ടുപോത്തിനെ കൊന്നത്. തുടർന്ന് ഇറച്ചി കഷ്ണങ്ങളാക്കി വാഹനത്തിൽ തടത്തുകയായിരുന്നു. കേരളത്തിൽ വേട്ടയാടുന്ന മൃഗങ്ങളുടെ മാംസം തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്കാണ് ഇവർ കൈമാറുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് രണ്ടാം തവണമാണ് നായാട്ടു നടക്കുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് ഡെനിൽ. മറ്റ് രണ്ടു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ചില തമിഴ്നാട് സ്വദേശികളും നായാട്ടു സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി.വിപിൻചന്ദ്രൻ, ഡെപ്യൂട്ടി ആർ.എഫ്.ഒ. അനിൽകുമാർ, എസ്.എഫ്.ഒ. അനിൽ, ബി.എഫ്.ഒ. മാരായ റോയ്, റോഷ്ണി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.