സ്കൂളിൽ അധ്യാപികയെ വെടിവച്ച് കൊന്നു
representative image
ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സ്കൂളിൽ 26കാരിയായ അധ്യാപികയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ പ്രതി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
ഹിദായത്ത് നഗർ സ്വദേശിനിയായ അധ്യാപിക നിഷാത് ഫാത്തിമ ആണ് കൊല്ലപ്പെട്ടത്. നൗറംഗാബാദ് സ്വദേശിയായ മുഹമ്മദ് സൗദ് അൻസാരി (28) ആണ് കൃത്യം നടത്തിയത്. ഏറെക്കാലമായി പരിചയക്കാരായിരുന്നു ഇരുവരും.
രാവിലെ സ്കൂളിൽ എത്തിയ അൻസാരി ഫാത്തിമ പഠിപ്പിച്ചിരുന്ന ക്ലാസ് മുറിയിലേക്ക് പോയി. അവിടെ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെ അൻസാരി കൈവശമുണ്ടായിരുന്ന നാടൻ തോക്ക് പുറത്തെടുത്ത് ഫാത്തിമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഫാത്തിമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് അതേ തോക്ക് ഉപയോഗിച്ച് അൻസാരി സ്വയം വെടിവച്ച് മരിച്ചതായും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ലഖിംപൂർ ഖേരി ജില്ല സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ഖ്യാതി ഗാർഗ് പറഞ്ഞു.