ലോറൻസ് ബിഷ്ണോയി
മുംബൈ: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ പേരിൽ 50ലേറെ ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശം അയച്ചതിന് ഒരാൾ അറസ്റ്റിൽ. ഐടി എൻജിനീയറായ വൈഭവ് മിശ്രയാണ് അറസ്റ്റിലായത്.
മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ബോളിവുഡ് താരങ്ങൾക്ക് ഇന്‍സ്റ്റഗ്രാം മുഖേന ഭീഷണി സന്ദേശം അയച്ചിരുന്നുവെന്ന കാര്യം ഇയാൾ സമ്മതിച്ചിട്ടുണ്ട്. നടന്മാരായ ആയുഷ്മാൻ ഖുറാന, തുഷാർ കപൂർ അടക്കമുള്ളവർക്ക് വൈഭവ് മിശ്ര ഭീഷണി സന്ദേശം അയച്ചതായാണ് സൂചന.
ആയുഷ്മാൻ ഖുറാനയോട് ഇയാൾ കോടികൾ ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഹാരി ബോക്സർ ആണെന്ന് അവകാശപ്പെട്ടായിരുന്നു തുഷാർ കപൂറിന് ഭീഷണി സന്ദേശമെത്തിയത്. മറ്റു താരങ്ങൾക്ക് ഇയാൾ അയച്ചെന്നു പറയുന്ന ഭീഷണി സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
മുംബൈയിലെ ജുഹു പ്രദേശത്ത് വച്ച് നടൻ ടൈഗർ ഷ്രോഫിനെതിരേ ആക്രമണമുണ്ടായി ദിവസങ്ങൾക്കു ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ടു പേരാണ് നടനു നേരെ വെടിയുതിർത്തത്. പിന്നീട് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിൽ അനിൽ പണ്ഡിറ്റ് എന്നയാൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.