ദുഃസ്വപ്നങ്ങൾ കൊണ്ട് പൊറുതിമുട്ടി; സുഹൃത്തിനെ കൊന്നയാൾ 20ാം നാൾ കീഴടങ്ങി

 
Crime

ദുഃസ്വപ്നങ്ങൾ കൊണ്ട് പൊറുതിമുട്ടി; സുഹൃത്തിനെ കൊന്നയാൾ 20ാം നാൾ കീഴടങ്ങി

നാട് വിടാമെന്നായിരുന്നു പ്രഭു കരുതിയിരുന്നതെങ്കിലും ദുഃസ്വപ്നം പതിവായതോടെ അതു വേണ്ടെന്നു വച്ചു.

നീതു ചന്ദ്രൻ

താനെ: സുഹൃത്തിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചയാൾ ഇരുപതാം ദിവസം പൊലീസിനു മുന്നിൽ കീഴടങ്ങി. മഹാരാഷ്‌ട്രയിലെ മൊതാഗാവിലാണ് സംഭവം. പ്രഭു കാരക്കേഡ് എന്നയാളാണ് കീഴടങ്ങിയത്. വിശാൽ കഡം എന്നയാളാണ് കൊല്ലപ്പെട്ടത്. 20 ദിവസങ്ങൾക്കു മുൻപ് രാത്രിയിൽ മദ്യപിച്ചു കൊണ്ടിരിക്കേ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് പ്രഭു വിശാലിനെ മർദിച്ചിരുന്നു. വിശാൽ കൊല്ലപ്പെട്ടെന്ന് മനസിലായതോടെ പ്രഭു ഭയന്നു. ഉടൻ തന്നെ ജോലി നൽകിയിരുന്ന സന്ദേശ് മാത്രെയെ ഇക്കാര്യം അറിയിച്ചു. പിന്നീട് ഇരുവരും ചേർന്ന് വിശാലിന്‍റെ മൃതദേഹം ഒരു ചാക്കിലായി ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് മറ്റാരും അറിഞ്ഞില്ലെങ്കിലും പ്രഭു അന്നു മുതൽ ദുഃസ്വപ്നങ്ങൾ കൊണ്ട് പൊറുതി മുട്ടി. കൊല്ലപ്പെട്ട വിശാൽ സ്വപ്നത്തിൽ എത്തുന്നത് പതിവായി. നാട് വിടാമെന്നായിരുന്നു പ്രഭു കരുതിയിരുന്നതെങ്കിലും ദുഃസ്വപ്നം പതിവായതോടെ അതു വേണ്ടെന്നു വച്ചു.

20 രാത്രിയിൽ തുടർച്ചയായി ദുഃസ്വപ്നങ്ങളിൽ വിശാൽ എത്തിയതോടെ പ്രഭു താനെ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സന്ദേശിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണമെന്തെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.