ദ്വാരക എക്സ്പ്രസ് വേയിൽ അപകടമുണ്ടാക്കിയ കാർ
ഗുരുഗ്രാം: ഡൽഹി സർവകാശാല വിദ്യാർഥി ഓടിച്ച കാർ കാറിടിച്ച് രണ്ട് പേർ മരിച്ചു. വിദ്യാർഥിയടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ഡൽഹിയിലെ മഹിപാൽപൂരിനെയും ഗുരുഗ്രാമിലെ ഖേർക്കി ദൗളയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദ്വാരക എക്സ്പ്രസ് വേയിലെ ശ്രീരാം ചൗക്കിൽ വ്യാഴാഴ്ച പുലർച്ചെ 2.30നാണ് സംഭവം.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശികളായ ബിജേന്ദ്ര, പപ്പു എന്നിവരാണ് മരിച്ചത്. സതീഷ് ചന്ദ്, രാം കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. വേദൻ ഖന്ന (20) എന്ന വിദ്യാർഥിയാണ് കാർ ഓടിച്ചിരുന്നത്. എക്സ്പ്രസ് വേയിൽ ശ്രീരാം ചൗക്കിന് സമീപത്തെ ഡിവൈഡറിൽ ഇരുമ്പ് ഗ്രില്ലുകൾ പിടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ.
ഇതിനിടെ ഡൽഹി ഭാഗത്ത് നിന്ന് അതിവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് തൊഴിലാളികളെ ഇടിക്കുകയായിരുന്നു. യുവാക്കളായ ഇരു തൊഴിലാളികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് പരുക്കേറ്റ മറ്റു രണ്ട് പേർ. തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചാണ് കാർ നിന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.