ആറംഗ നായാട്ടുസംഘത്തെ പിടികൂടി റവന്യൂ ഇന്‍റലിജൻസ്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്ന് രണ്ട് ലിറ്റർ രാജവെമ്പാല വിഷവും മൂന്ന് വന്യമൃഗങ്ങളുടെ തോലുകളും തോക്കും പിടികൂടി ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ്. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ ആറ് നായാട്ടുകാരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ സജീവമായ നായാട്ടുസംഘത്തെയാണ് അധികൃതർ പിടികൂടിയത്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ അനധികൃതമായി വിഷത്തിന്‍റെ ഇടപാടിൽ ഏർപ്പെട്ടിരിക്കുന്നതായി അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് നവംബർ 25ന് പുനെയുടെ പ്രാന്തപ്രദേശത്ത് വച്ച് ഇയാളെയും ഇടനിലക്കാരനെയും വാങ്ങാൻ എത്തിയ ആളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്ന രണ്ടുലിറ്റർ രാജവെമ്പാല വിഷവും പിടിച്ചെടുത്തു.
നവംബർ 26ന് പൻവേൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരാളിൽ നിന്ന് കടുവ, പുള്ളിപ്പുലി എന്നിവയുടെ തോലുകൾ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവി മുംബൈയിലെ ഒരു പാർപ്പിടസമുച്ചയത്തിലെ രണ്ട് സ്ത്രീകളിൽ നിന്ന് ഒരു ചീറ്റയുടെ തോലും എയർ ഗണ്ണും പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടർനടപടികൾക്കായി മഹാരാഷ്ട്ര വനംവകുപ്പിന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.