വീരമണി പോക്‌സോ കേസ്: മുൻ ചെന്നൈ പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തു

 
Crime

വീരമണി പോക്‌സോ കേസ്; മുൻ ചെന്നൈ പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തു

കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആരോപണം

Sarath Nath MS

ചെന്നൈ: ജെം ഗ്രാനൈറ്റ്‌സ് സ്ഥാപകൻ ആർ. വീരമണിക്കെതിരായ പോക്‌സോ കേസിൽ മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ. അരുൺ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മുൻ ആന്‍റി വൈസ് സ്ക്വാഡ് അസിസ്റ്റന്‍റ് കമ്മിഷണർ എം.എ. യാസ്മിനും കേസിൽ പ്രതിയാണ്. കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

അതേസമയം, 14 വയസുകാരിയായ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വീരമണിക്കും ഇയാളുടെ കാർ ഡ്രൈവർമാരായ പാർഥിപൻ, ബാബു എന്നിവർക്കുമെതിരേ എസ്‌ഐടി ആദ്യ കുറ്റപത്രം സമർപ്പിച്ചു. 40 സാക്ഷികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ 720 പേജുള്ള കുറ്റപത്രം നവംബർ 11ന് പോക്‌സോ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. സെപ്റ്റംബർ 27ന് കേസ് രജിസ്റ്റർ ചെയ്ത് 46 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

വീരമണിയാണ് കേസിലെ ഒന്നാം പ്രതി. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും പെൺകുട്ടിയെ വീരമണിയുടെ വസതിയിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്തതിനാണ് ഡ്രൈവർമാരെ പ്രതികളാക്കിയത്. പോക്‌സോ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് മൂന്ന് പേർക്കുമെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.

സെപ്റ്റംബർ 24ന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചെന്നൈ പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ചത്. തുടർന്ന് ഒൻപത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇരകളായ ഏഴ് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വീരമണിയുടെ ശൃംഖലയുമായി ബന്ധമുള്ള എട്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണവും തുടരുകയാണ്.