വാഹന മോഷണ കേസ്: ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
file image
കൊച്ചി: വാഹന മോഷണക്കേസിൽ ബിജെപി ജില്ലാ നേതാവിന്‍റെ മകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനി പിടിച്ചെടുത്ത് വിറ്റ ജീപ്പാണ് പ്രതികൾ മോഷ്ടിച്ചത്. വാഹനത്തിന്‍റെ ആദ്യ ഉടമ നൽകിയ ക്വട്ടേഷൻ പ്രകാരം അഞ്ചംഗ സംഘം വാഹനം കടത്തിയെന്നാണ് പൊലീസ് പറയുന്നത്.
വാഹനം വാങ്ങിയ ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്‍റെ ആദ്യ ഉടമ ജോയ് മോൻ, ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ മകൻ അഭിജിത്ത്, എറണാകുളം സ്വദേശികളായ ഉമർ ഉൽ ഫാറൂഖ്, രാഹുൽ, മുഹമ്മദ് ബാസിത് എന്നിവർ പിടിയിലായത്.
ജിപിഎസ് ട്രാക്കർ സംവിധാനം വഴി ആദ്യ ഉടമ വാഹനം ഇടുക്കി നെടുങ്കണ്ടത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അവിടെ നിന്ന് വാഹനം മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.