പ്രവല്ലിക
തെലങ്കാന: ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി പിടിച്ചു തള്ളിയ കണ്ടക്റ്റർക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ആർടിസി ബസ് കണ്ടക്റ്റർ ആയ പ്രവല്ലിക (24)യാണ് കൊല്ലപ്പെട്ടത്. ബസിൽ നിന്ന് വീണ് പരുക്കേറ്റതിനെത്തുടർന്ന് പ്രവല്ലിക ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. ഒക്റ്റോബർ 25ന് ഭദ്രാപി കോതഗുഡം ജില്ലയിൽ വച്ചാണ് സംഭവം. മകനുമായി ബസിൽ കയറിയ യാത്രക്കാരി മകന്റെ ടിക്കറ്റ് എടുക്കുന്നതിനെച്ചൊല്ലി ആദ്യമേ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് രണ്ടു പേരുടെയും ടിക്കറ്റിനായി 100 രൂപ നൽകി. ബാക്കി തുക ഇറങ്ങുമ്പോൾ നൽകാമെന്ന് കണ്ടക്റ്റർ പറഞ്ഞതിനു പിന്നാലെ വീണ്ടും കലഹം ആരംഭിച്ചു.
ഉടൻ തന്നെ ബാക്കി തുക തരണമെന്നാണ് യാത്രക്കാരി ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് പ്രവല്ലികയെ ബസിൽ നിന്ന് പിടിച്ചു തള്ളിയത്. താഴേക്ക് വീണ പ്രവല്ലികയുടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയിരുന്നു. ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മരണപ്പെട്ട കണ്ടക്റ്ററുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധന സഹായം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ദിരാമ്മ ഹൗസിങ് സ്കീം വഴി കുടുംബത്തിന് വീട് നൽകുമെന്നും പ്രവല്ലികയുടെ അമ്മയ്ക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.