അയ്യപ്പൻ

 
Crime

നാഗർകോവിലിൽ ട്രെയ്നിനുള്ളിൽ സ്ത്രീയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി; 31കാരൻ അറസ്റ്റിൽ

കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Sarath Nath MS

നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിൽ ജങ്ഷൻ റെയ്ൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയ്നിനുള്ളിൽ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ ചെമ്പകരാമൻപുതൂർ സ്വദേശി അയ്യപ്പൻ (31) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 50 വയസുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

നവംബർ 14ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിന്നിരുന്ന സ്ത്രീയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി ഭിന്നശേഷിക്കാർക്കുള്ള ഒഴിഞ്ഞ ട്രെയ്ൻ കോച്ചിനുള്ളിൽ വച്ച് പീഡിപ്പിക്കുകയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

നവംബർ 18ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അറ്റകുറ്റപ്പണികൾക്കായി 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയ്നിന്‍റെ അവസാന കോച്ചിലെ സീറ്റിനടിയിൽ നിന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ പരുക്കുകളും മർദനമേറ്റതിന്‍റെ പാടുകളും കണ്ടെത്തിയിരുന്നു.

തുടർന്ന് റെയ്ൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് നവംബർ 14ന് രാവിലെ എട്ട് മണിയോടെ കോച്ചിൽനിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പൻ പിടിയിലായത്. ഇയാൾ കഴിഞ്ഞ നാല് മാസമായി പ്രദേശത്ത് അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.