മുഗ്ധ ദേശ്മുഖ്
പൂനെ: വീട്ടുകാരെ അറിയിക്കാതെ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവന്ന യുവതി ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ. ഛത്രപതി സാംബാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖിനെയാണ് (34) പൂനെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിൽ നിന്ന് കാണാതായ യുവതിക്കായി ഫുഡ് ഡെലിവറി ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് യുവതി എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. പഠനത്തിനൊപ്പം പാർട് ടൈം ജോലികൾ ചെയ്ത് തനിച്ച് ഒരു ഫ്ലാറ്റിൽ കഴിയുകയായിരുന്നു ഇവർ. ഈ സമയത്തെല്ലാം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഈ മാസം 24 മുതൽ യുവതിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നു. തുടർന്ന് ലണ്ടനിലെ മുഗ്ധയുടെ സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചു. ഇവർ ലണ്ടൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി കണ്ടെത്തി.
തുടർന്ന് യുവതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നാണ് യുവതി ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിച്ചത്. ഒക്ടോബർ എട്ടിനും 25നും ഇടയിൽ പലതവണ ഫുഡ് ഡെലിവറി ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇതിൽ ചിലത് ഛത്രപതി സാംബാജിനഗറിലെ ഒസ്മാൻപുര പ്രദേശത്ത് നിന്നായിരുന്നു. അന്വേഷണത്തിൽ പൂനെയിലെ ഒരു പ്ലാറ്റിൽ യുവതി താമസിക്കുന്നതായി വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഗ്ധയുടെ ശരീരത്തിൽ മുറിവുകളൊന്നും കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലിലാണ് മുഗ്ധ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. ഓഗസ്റ്റ് മുതലാണ് താമസിക്കാൻ തുടങ്ങിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.