ട്രെയ്‌നിലെ കവർച്ച: യുപി സ്വദേശി അറസ്റ്റിൽ
file image
താനെ: ട്രെയ്‌ൻ യാത്രക്കാരെ കവർച്ച ചെയ്യുന്നതു പതിവാക്കിയ ഉത്തർപ്രദേശ് സ്വദേശിയെ നവി മുംബൈയിലെ പൻവേൽ റെയ്‌ൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് സ്വദേശി രഘു സുമൻ ഘോസ്‌ല (41) ആണു പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 26.31 ലക്ഷം രൂപ മൂല്യമുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ 17ന് നേത്രാവതി എക്സ്പ്രസിൽ മലയാളിയായ യാത്രക്കാരിയെ കവർച്ച ചെയ്ത കേസിലടക്കം പ്രതിയാണ് ഘോസ്‌ല.
ഇതേ ദിവസം മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്‍റെ എസി കോച്ചിലൂടെ പുറത്തു ബാഗുമായി സംശയാസ്പദ സാഹചര്യത്തിൽ നീങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ വൻതോതിൽ ആഭരണങ്ങൾ കണ്ടെത്തി. ഇതിനെക്കുറിച്ചു കൃത്യമായ മറുപടി നൽകാൻ ഇയാൾക്കു സാധിച്ചില്ല.
മുംബൈ റെയ്‌ൽവേ മേഖലയിലെ സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നും 39 കേസുകളിലെ പ്രതിയാണെന്നും ഇതിനിടെ പൊലീസ് തിരിച്ചറിഞ്ഞു. എസി കോച്ചുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം. 17ന് കേരളത്തിലേക്കുള്ള യാത്രക്കാരിയുടെ ഐഫോണും ആഭരണങ്ങളും ഇയാൾ കവർന്നിരുന്നു. യാത്രക്കാരി ഗോവയിലെ മഡ്ഗാവിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു