ശബരിമല മേൽശാന്തി: ദേവസ്വം ബോർഡ് അയോഗ്യനാക്കിയ അപേക്ഷകന് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ഹൈക്കോടതി

 

File pic

Kerala

ശബരിമല മേൽശാന്തി: ദേവസ്വം ബോർഡ് അയോഗ്യനാക്കിയ അപേക്ഷകന് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ഹൈക്കോടതി

കേസിൽ നവംബർ 2ന് വീണ്ടും വാദം കേൾക്കും.

MV Desk

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് അയോഗ്യനാക്കിയ അപേക്ഷകന് ശബരിമല ശ്രീ ധർമ ശാസ്താ‌ ക്ഷേത്രത്തിലേക്കും മാളികപ്പുറം ക്ഷേത്രത്തിലേക്കുമുള്ള മേൽശാന്തി അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി നൽകി ഹൈക്കോടതി. 56കാരനായ എം.പി. രാജീവിന്‍റെ അപേക്ഷയാണ് ദേവസ്വം ബോർഡ് തള്ളിയിരുന്നത്. തുടർന്ന് രാജീവ് കോടതിയെ സമീപിക്കുകയായിരുന്നു. ഒക്റ്റോബർ 7നാണ് അഭിമുഖം. ജസ്റ്റിസ്മാരായ രാജാ വിജയരാഘവൻ വി, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. കേസിൽ നവംബർ 2ന് വീണ്ടും വാദം കേൾക്കും.

ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകളനുസരിച്ച് മത്സരിക്കാൻ താൻ അർഹനാണെന്നു കാണിച്ചാണ് രാജീവ് കോടതിയെ സമീപിച്ചത്.

ശബരിമല, മാളികപ്പുറം മേൽശാന്തിമാരാകൻ കടുത്ത നിബന്ധനകളാണ് ദേവസ്വം ബോർഡ് മുന്നോട്ടു വച്ചിരിക്കുന്നത്. ഏതെങ്കിലും പൊതു ക്ഷേത്രത്തിൽ കുറഞ്ഞത് 12 വർഷം പൂജാരിയായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം, കുറഞ്ഞത് പത്തു വർഷമെങ്കിലും തുടർച്ചയായി ഉഷ പൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിവ നടക്കുന്ന ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരിക്കണം. ശാരീരിക പരിമിതികൾ ഉണ്ടാകരുത്, ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുത് എന്നീ നിബന്ധനകളാണ് പ്രധാനം. അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷം സന്നിധാനത്ത് വച്ച് നറുക്കെടുത്താണ് മേൽശാന്തിയെ നിയമിക്കാറുള്ളത്.