നെടുമ്പാശേരിയിൽ മിനികൂപ്പർ ഇടിച്ച് 3 മരണം; പ്രതിക്കെതിരേ നരഹത്യ കുറ്റം ചുമത്തി
എറണാകുളം: നെടുമ്പാശേരിയിൽ വാഹനാപകടം. മൂന്ന് പേർ മരിച്ചു. മിനി കൂപ്പർ ഇടിച്ചാണ് അപകടം. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.
സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.
സുഹൈലിനെതിരേ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. സുഹൈല്‍ ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും. പരിശോധനക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. വാഹനം അമിതവേഗത്തിൽ ആയിരുന്നെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കൂടുതൽ പരിശോധന നടത്തി വരികയാണ്. സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാൾ കൂടി നിലവില്‍ കസ്റ്റഡിയിലുണ്ട്.