കറുത്ത ഷൂ, വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്, ഒരേ ഹെയർ സ്റ്റൈൽ; അഭിമന്യു വധക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ, ലക്ഷ്യം?
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ആരംഭിച്ചു. കേസിലെ സാക്ഷി വിസ്താരമാണ് നിലവിൽ നടക്കുന്നത്. വിചാരണയുടെ ആദ്യദിനങ്ങളിൽ കേസിലെ 16 പ്രതികളും പൂർണമായും ഒരേപോലെയുള്ള വസ്ത്രധാരണത്തിലും അപ്പിയറൻസിലുമാണ് കോടതിയിലെത്തിയത്.
വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ച പ്രതികൾ ഒരേ ശൈലിയിലാണ് മുടി പോലും വെട്ടിയിരുന്നത്. എല്ലാവരും കറുത്ത മാസ്കും തൊപ്പിയും വച്ചിരുന്നു. വിചാരണ വേളയിൽ ജഡ്ജിയുടെ നിർദേശ പ്രകാരം എല്ലാവരും മാസ്ക് അഴിച്ചുമാറ്റിയിരുന്നു.
പ്രതികളുടെ ഒരേപോലെയുള്ള വസ്ത്രധാരണവും ശൈലിയും സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണോ എന്നാണ് സംശയിക്കപ്പെടുന്നത്.
അതേസമയം, സാക്ഷിവിസ്താരം 18 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും, വിചാരണ തുടങ്ങി 4 മാസത്തിനകം അന്തിമ വിധി പറയണമെന്നും ഹൈക്കോടതി സെഷൻസ് കോടതിയോട് നിർദേശിച്ചിട്ടുണ്ട്.
2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്. മഹാരാജാസ് കോളെജിലെ രണ്ടാം വർഷം ബിഎസ്സി കെമസ്ട്രി വിദ്യാർഥിയായികരുന്നു അഭിമന്യു. പുതുവർഷത്തിൽ നവാഗതയെ കോളെജിലേക്ക് സ്വാഗതം ചെയ്യുന്നതിനായി എഴുതിയ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായിരുന്നു അഭിമന്യു.നിയമസഹായം