ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്
കോട്ടയം: ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത് ആരംഭിക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനവും, നഗരത്തിൽ പ്രകടനവും, തിരുനക്കര മൈതാനത്ത് പൊതുസമ്മേളനവും നടക്കും.
രാവിലെ 9ന് മാമ്മൻ മാപ്പിള ഹാളിൽ രജിസ്ട്രേഷൻ ആരംഭിക്കും. 10ന് സംസ്ഥാന പ്രസിഡന്‍റ് ഏലിയാസ് സഖറിയ പതാക ഉയർത്തും. സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ എടുക്കും. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ഹാളിൽ നടക്കുന്ന ഭക്ഷ്യ ഉപകരണ പ്രദർശനം മുൻ എംപി സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
10.30ന് ജറുസലേം മർത്തോമാ പള്ളി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 2 മണി മുതൽ മാമ്മൻമാപ്പിള ഹാളിൽ കലാപരിപാടികൾ നടക്കും. വൈകിട്ട് 4 മുതൽ നടക്കുന്ന സമ്മേളനത്തിൽ മെറിറ്റ് അവാർഡ് വിതരണവും വിവിധ വ്യക്തികൾക്ക് ആദരവും നൽകും. വൈകിട്ട് 5ന് നടക്കുന്ന പ്രതിനിധി സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ 7ന് തൂഫാൻ വാക്കത്തോൺ നടത്തും. 10ന് നടക്കുന്ന മോട്ടിവേഷൻ ക്ലാസിൽ അന്താരാഷ്ട്ര മോട്ടിവേഷണൽ സ്പീക്കർ സുരേഷ് ബാബു ക്ലാസ് എടുക്കും. 11.30ന് യുവ സംരംഭകർക്കായുള്ള ടോക്ക് ഷോയിൽ പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ ക്ലാസ് എടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപത്ത് നിന്നും റാലിക്ക് തുടക്കമാകും. വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ഏലിയാസ് സഖറിയ അധ്യക്ഷത വഹിക്കും.