വട്ടിയൂർക്കാവ് അജിത്
തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്‍റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി
വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച 'റീസർജ് - ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയുമാണ് അജിത് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്റ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരേ അജിത്ത് ലൈംഗികച്ചുവയോടെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യൽ മീഡിയ വഴി പ്രതികരിച്ചതിനാണ് പൊലീസ് നിയമനടപടി.