കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വ്യവസായ പദ്ധതികൾക്കായി കിഫ്ബി വഴി 4,896 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും എസ്ഐടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. അന്വേഷണസംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.
ആരോപണങ്ങളിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ വിശദമായി അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തി വെള്ളിയാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിക്കാനുള്ള തീരുമാനം.
2018 ഒക്റ്റോബർ 25ന് ചേർന്ന കിഫ്ബിയുടെ 33-ാമത് ബോർഡ് യോഗമാണ് പാലക്കാട് 470 ഏക്കറും കണ്ണൂരിൽ 4,896 ഏക്കറും ഉൾപ്പെടെ ആകെ 5,336 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയത്. വൻകിട ബഹുമേഖലാ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനായി 12,710 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിരുന്നത്.
എന്നാൽ, കിഫ്ബി സമർപ്പിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമെടുത്തതെന്നാണ് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. സമഗ്രമായ ചെലവ്-ലാഭ വിശകലനമോ പദ്ധതിയുടെ ആവശ്യകതയും സാമ്പത്തിക പ്രായോഗികതയും വ്യക്തമാക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി യുഡിഎഫ് സർക്കാരാണ് സമിതിയെ നിയോഗിച്ചത്. വ്യവസായ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സാമ്പത്തിക ക്രമക്കേടുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. കണ്ണൂരിൽ 4,000 ഏക്കർ അധികമായി ഏറ്റെടുക്കാനുള്ള നിർദേശത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.