റാഗിങ് തടയാൻ കേരളത്തിൽ പുതിയ ബിൽ വരുന്നു.

 

Freepik.com

Kerala

റാഗിങ്ങിനെതിരേ കേരളത്തിന്‍റെ 'സിദ്ധാർഥൻ' ബിൽ

സ്വകാര്യ സർവകലാശാലാ ബില്ലിനും മന്ത്രിസഭയുടെ അംഗീകാരം; നിയമസഭാ സമ്മേളനം 30 മുതൽ ഡിസംബർ 10 വരെ; ബില്ലുകൾ സഭയിൽ അവതരിപ്പിക്കും

Thiruvananthapuram Bureau

സിദ്ധാർഥൻ ആന്‍റി റാഗിങ് ആൻഡ് സ്റ്റുഡന്‍റ് വെൽഫെയർ ബില്ലിനും പുതുക്കിയ സ്വകാര്യ സർവകലാശാലാ ബില്ലിനും കേരള മന്ത്രിസഭ അംഗീകാരം നൽകി. നവംബർ 30 മുതൽ ഡിസംബർ 10 വരെയുള്ള നിയമസഭാ സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

തിരുവനന്തപുരം: റാഗിങ്ങും ക്യാംപസ് അതിക്രമങ്ങളും തടയാനുള്ള സിദ്ധാർഥൻ ആന്‍റി റാഗിങ് ആൻഡ് സ്റ്റുഡന്‍റ് വെൽഫെയർ ബില്ലിനും സ്വകാര്യ സർവകലാശാലാ ബില്ലിനും സംസ്ഥാന മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

നവംബർ 30ന് ആരംഭിച്ച് ഡിസംബർ 10 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. കഴിഞ്ഞ സമ്മേളനത്തിൽ പരിഗണിക്കാനാകാതെ പോയ ബില്ലുകളും വരുന്ന സമ്മേളനത്തിൽ എടുക്കുമെന്നു മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ സതീശൻ പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ പ്രധാനപ്പെട്ട ഒട്ടേറെ ബില്ലുകൾ പാസാക്കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റക്കാർക്കു കടുത്ത ശിക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും വിദ്യാർഥികൾക്കു സംരക്ഷണവും ഉറപ്പാക്കുന്നതാണു ബിൽ. വയനാട് പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളജിൽ 2024 ഫെബ്രുവരിയിൽ റാഗിങ്ങിനും മർദനത്തിനും ഇരയായതിനെത്തുടർന്നു മരിച്ചെന്ന് ആരോപിക്കപ്പെടുന്ന ജെ.എസ്. സിദ്ധാർഥന്‍റെ (20) പേരിലാണു നിയമം.

മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് (എസ്റ്റാബ്ലിഷ്മെന്‍റ് ആൻഡ് റെഗുലേഷൻ) ബിൽ, 2025 ആവശ്യമായ അനുമതി ലഭിക്കാത്തതിനെത്തുടർന്നു നിലവിലെ സർക്കാർ പിൻവലിച്ചിരുന്നു. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനുള്ള പുതുക്കിയ ചട്ടക്കൂടായാണു പുതിയ ബിൽ.