അശ്വന്ത് കോക്ക്
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി മോട്ടർ വാഹന വകുപ്പിന് നടക്കാവ് പൊലീസ് റിപ്പോർട്ട് കൈമാറും.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (എ) വകുപ്പുകളും മോട്ടർ വാഹന നിയമത്തിലെ സെക്‌ഷൻ 185 പ്രകാരവുമാണ് അശ്വന്തിനെതിരേ കേസെടുത്തത്. ഇതിൽ 185 പ്രകാരമുള്ള കുറ്റത്തിലാണ് അശ്വന്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള റിപ്പോർട്ട് മോട്ടർ വാഹന വകുപ്പിന് കൈമാറുക.
തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനു സമീപം അശ്വന്ത് ഓടിച്ച വാഹനം മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അശ്വന്തിനെ വാഹനത്തിനു പുറത്തിറക്കിയത്. തുടർനടപടികൾ പൂർത്തിയാക്കി അർധരാത്രിക്കു ശേഷമാണ് പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ അശ്വന്തിനെ വിട്ടയയ്ക്കുകയായിരുന്നു. തുടർപരിശോധനയിൽ വാഹനത്തിൽ നിന്ന് രണ്ട് മദ്യക്കുപ്പികളും ഒരു എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.