എം.വി. ഗോവിന്ദൻ 
Kerala

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും, എം.വി. ഗോവിന്ദന്‍റെ മൊഴിയെടുക്കും

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപി, മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എംഎൽഎ തുടങ്ങിയ നേതാക്കളുടെയും മൊഴിയെടുക്കാനാണ് അന്വേഷണം സംഘം ആലോചിക്കുന്നത്

MV Desk

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം സിപിഎമ്മിന്‍റെ മുതിർന്ന നേതാക്കളിലേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സമയത്ത് സ്ഥലത്തുണ്ടായിരുന്ന എം.വി. ഗോവിന്ദനെ കൂടാതെ ജോൺ ബ്രിട്ടാസ് എംപി, മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എംഎൽഎ തുടങ്ങിയ നേതാക്കളുടെ മൊഴിയെടുക്കാനാണ് അന്വേഷണം സംഘം ആലോചിക്കുന്നത്. ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കും. സംഭവത്തിലെ ഗൂഢാലോചനയ്ക്കും ആക്രമണത്തിനും പിന്നിൽ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ പാർട്ടി ഓഫിസിനു മുന്നിൽ ഉന്നത നേതാക്കൾ തടഞ്ഞത് വിവാദമായിരുന്നു.

കേസിൽ അറസ്റ്റിലായ 25 പ്രതികളുടെ ഫോൺരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇവരുമായി സംഭവദിവസവും അടുത്ത ദിവസങ്ങളിലും ബന്ധപ്പെട്ട നേതാക്കളുടെ ഫോൺരേഖകളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. ബിനീഷ് കോടിയേരിയുടെയും എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജില്ലാ ഭാരവാഹികളുടെയും ഫോൺ രേഖകളും ശേഖരിച്ചവയിൽപ്പെടുന്നു. അവയുടെ അടിസ്ഥാനത്തിൽ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ട ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ബിനീഷ് കോടിയേരി സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമത്തിൽ നേരിട്ട് പങ്കില്ലെന്നാണ് വിവരം.

മേയ് 27നാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്‍റെ വീട്ടിലെ പരിശോധനയ്ക്കുശേഷം തിരിച്ചിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കാറുകൾ തല്ലിത്തകർത്തത്. കേസിൽ റിമാൻഡിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.

ഇഡി ഡയറക്റ്റർ രാഹുൽ നവീന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു

തമിഴ്നാട് അതിർത്തിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ആപ്പ്