അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിലെ 12 പ്രതികൾക്ക് വിചാരണ കോടതി വിധിച്ച 7 വർഷം ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കുകയായിരുന്നു. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു
പ്രതികളായ മരക്കാർ, ഷംസുദ്ദീൻ , രാധാകൃഷ്ണൻ, അബൂബക്കർ , സിദ്ധിഖ് , ഉബൈദ് , നജീബ് , ജൈജുമോൻ , സജീവ് , സതീഷ് , ഹരീഷ് , ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മാത്രമല്ല, നാലാം പ്രതിയേയും 11ാം പ്രതിയേയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയും ഹൈക്കോടതി ശരിവച്ചു.
അതേസമയം, പ്രതികൾക്കേതിരേ എസ്‌സി- എസ്ടി പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളും മധുവിന്‍റെ കുടുംബവും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. 2018 മേയ് 20ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. 13 പേർക്ക് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി.