വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ്

 
Kerala

അയ്യപ്പസംഗമം; വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ്, തിരുത്തിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും

ഓഡിറ്റർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ്

Jisha P.O.

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കിൽ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്. ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് ഇല്ലെന്ന ആദ്യപ്രസ്താവന ദേവസ്വം ബോർഡ് പിൻവലിക്കുകയും റിപ്പോർട്ട് ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും റിപ്പോർട്ടിൽ കൂടുതൽ കൃത്യത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഉണ്ടായിരുന്ന അവ്യക്തതകൾ നീക്കി പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്‍റെ ഇപ്പോഴെത്തെ നീക്കം.

ഓഡിറ്റ് റിപ്പോർട്ടിലെ പല പരാമർശങ്ങൾക്ക് കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും മറിച്ച് ബോർഡിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. പത്ത് ദിവസത്തിനകം വ്യക്തത വരുത്തി ഓഡിറ്ററെ അറിയിക്കും. ബില്ലുകൾ ഫിസിക്കൽ ആയി വെരിഫൈ ചെയ്യുന്നതിലും അസ്റ്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി വാലിഡേറ്റ് ചെയ്യുന്നതിലും ഉണ്ടായ കാലതാമസമാണ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ കടന്നുകൂടാൻ കാരണം. റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് നിയോഗിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എഞ്ചിനിയർ എന്നിവർ പത്ത് ദിവസത്തിനകം ഓഡിറ്ററുമായി ചർച്ച നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തും. 26 ആം തീയതിക്കുള്ളിൽ തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിനെ തീരുമാനം. പരിപാടിയിൽ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജൻസിന് ലക്ഷക്കണക്കിന് രൂപ നൽകിയതായും, 4000പേർ പ്രഭാതഭക്ഷണം കഴിച്ചതായുമുള്ള കണക്കുകൾ തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ വന്നതാണ്.

ഇവ പരിശോധിച്ച് കൃതൃത വരുത്തും. അയ്യപ്പസംഗമത്തിന്‍റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തിയിട്ടുണ്ട്. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് ബോർഡ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിച്ച സ്പോൺസർഷിപ്പ് തുക ലഭിക്കാത്തത് ബോർഡിന് തിരിച്ചടിയായിട്ടുണ്ട്. അദാനി ഗ്രൂപ്പ് നൽകാമെന്ന് പറഞ്ഞ 1 കോടി ഉൾപ്പെടെ 3.85 കോടിയാണ് സ്പോൺസർഷിപ്പിലൂടെ ലഭിക്കുക. പണം തരാമെന്ന് ഏറ്റ പലരും പ്രതികരിക്കാത്തത് ദേവസ്വംബോർഡിന് തിരിച്ചടിയാണ്. ഈ കുറവ് നികത്താൻ ദേവസ്വം ബോർഡിന്‍റെ ഫണ്ട് ഉപയോഗിക്കില്ല. കോടതിക്ക് കൊടുത്ത വാക്ക് അനുസരിച്ച് ബാക്കി തുകയും സ്പോൺസർഷിപ്പിലൂടെ തന്നെ കണ്ടെത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കി.

600 പേരുടെ പരിപാടിയിൽ 5000 പേർക്ക് ഡിന്നർ; അയ്യപ്പ സംഗമത്തിന്‍റെ പേരിൽ തട്ടിപ്പെന്ന് വി.ഡി. സതീശൻ

വണ്ടിച്ചെക്ക് കേസ്: നടി അമീഷ പട്ടേലിന് ജാമ്യമില്ലാ വാറന്‍റ്

സർക്കാരിന് തിരിച്ചടി; സർവെ നിയമവിരുദ്ധം, നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി

'ഷമി ഹീറോയാടാ ഹീറോ'; രഞ്ജി ട്രോഫിയിൽ‌ തീപ്പൊരി പ്രകടനവുമായി ഷമി

'ക‍്യാനഡ ഒരു ചെറിയ മീനല്ല'; കിവീസിനെ പഞ്ഞിക്കിട്ട് യുവരാജ്