പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുടിവെള്ളം സുരക്ഷിതമല്ല.
Representative image
ന്യൂഡൽഹി: റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. പാലക്കാട്, കോയമ്പത്തൂർ റെയ്‌ൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നു ലഭിക്കുന്ന കുടിവെള്ളത്തിലടക്കമാണ് വയറിളക്കമുൾപ്പെടെ ഭക്ഷ്യ വിഷബാധയ്ക്കു വഴിയൊരുക്കുന്ന ബാക്റ്റീരിയയുടെ സാന്നിധ്യം. മനുഷ്യ വിസർജ്യത്തിലുള്ള ബാക്റ്റീരിയയാണ് എസ്ചെറീഷ്യ കോളി എന്ന ഇ കോളി.
ഇന്ത്യൻ റെയ്‌ൽവേയുടെ എല്ലാ സോണുകളിലുമുള്ള 512 സബർബൻ ഇതര ഗ്രേഡ് റെയ്‌ൽവേ സ്റ്റേഷനുകളിലെ യാത്രാ സേവനങ്ങളെക്കുറിച്ചാണ് സിഎജി പഠനം നടത്തിയത്. ഇതിൽ നാല് സോണുകളിലായി പടർന്നുകിടക്കുന്ന എട്ട് സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നുള്ള ജലസാംപ്‌ളുകളിലാണ് ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം.
ദക്ഷിണ മധ്യ റെയ്‌ൽവേയിലെ ഹൈദരാബാദ്, മധ്യ റെയ്‌ൽവേയിലെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല, പൂർവ റെയ്‌ൽവേയിലെ മധുപുർ സ്റ്റേഷനുകളിലും ഇ കോളി സാന്നിധ്യമുണ്ട്.
512 സ്റ്റേഷനുകളിൽ 458ലും യാത്രക്കാർക്ക് അവശ്യ സൗകര്യങ്ങളുടെ കുറവുണ്ടെന്നും സിഎജി. കുടിവെള്ളം, കാത്തിരിപ്പുമുറികൾ, ഇരിപ്പിടങ്ങൾ, മേൽക്കൂരയുളള പ്ലാറ്റ്ഫോമുകൾ, ടൊയ്‌ലെറ്റുകൾ, ഫാനുകൾ, ട്രെയ്‌നുകളിൽ കയറുന്നത് സുഗമമാക്കുന്ന പൊക്കമുള്ള പ്ലാറ്റ് ഫോമുകൾ, മേൽപ്പാലം, ചവറുപെട്ടികൾ, ക്ലോക്കുകൾ, അറിയിപ്പ് സംവിധാനങ്ങൾ എന്നിവയാണ് അവശ്യ സൗകര്യങ്ങളായി നിഷ്കർഷിച്ചിരിക്കുന്നത്.
2019- 20 മുതൽ 2023-24 വരെയുള്ള കാലയളവിലെ ഓഡിറ്റിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾക്കായി റെയ്‌ൽ മന്ത്രാലയം നിരവധി മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പാലിക്കുന്നതിൽ എല്ലാ സോണുകളിലും വീഴ്ചയുണ്ടെന്നു സിഎജി പറയുന്നു. വാട്ടർ കൂളറുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം, ശുചിത്വമില്ലാത്ത വാഷ്‌റൂമുകൾ തുടങ്ങിയവ ഇതിന് ഉദാഹരണമെന്നും സിഎജി പറയുന്നു.