ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: കേരള സർവകലാശാല ഹോസ്റ്റലിൽ (യൂണിവേഴ്സിറ്റി ഹോസ്റ്റൽ) മദ്യവും മറ്റു ലഹരിവസ്തുക്കളും എത്തിയതും പുറത്തുനിന്നുള്ളവർ ഹോസ്റ്റലിലേക്ക് പ്രവേശിച്ചതും സംബന്ധിച്ച് അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉത്തരവിട്ടു. ബുധനാഴ്ച രാത്രി ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ വേളയിൽ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനുമെതിരേ കെഎസ്‌യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സർവകലാശാല ഹോസ്റ്റലിന് സമീപത്തെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഹോസ്റ്റലിൽ നിന്ന് പ്രതിഷേധക്കാർക്ക് നേരെ കല്ലുകളും ബിയർ കുപ്പികളും എറിയുകയായിരുന്നു. തുടർന്ന് ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ തീപ്പന്തം കത്തിച്ച് ഹോസ്റ്റലിലേക്ക് എറിയുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് ഹോസ്റ്റലിന് അകത്തും പുറത്തും പൊലീസ് ലാത്തിചാർജ് നടത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
ക്യാമ്പസുകൾ സർഗാത്മകമായ സംവാദത്തിന്‍റെയും സജീവ വിദ്യാർഥി രാഷ്ട്രീയത്തിന്‍റെയും വേദികളായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ സർവകലാശാല-കോളെജ് ഹോസ്റ്റലുകളിൽ നിന്ന് കല്ലുകളും മദ്യക്കുപ്പികളും സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾക്ക് നേരെ എറിയുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കോളെജ് ഹോസ്റ്റലിലേക്ക് മദ്യമോ മറ്റു നിയമവിരുദ്ധ ലഹരിവസ്തുക്കളോ എങ്ങനെ എത്തിയെന്നത് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.