രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2027 ഫെബ്രുവരി 22ന് ആറ്റുകാൽ പൊങ്കാല ദിനത്തിലാണ് സയൻസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷയുടെ തീയതി മാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷിക്ക് നിവേദനം സമർപ്പിച്ചതായും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയാണ് ആറ്റുകാൽ പൊങ്കാല.
നിരവധി വിദ്യാർഥികളും മാതാപിതാക്കളും പൊങ്കാല ദിനത്തിൽ പരീക്ഷ വന്നതിലെ ആശങ്ക താനുമായി പങ്കു വച്ചുവെന്നും രാജീവ് പറയുന്നു. പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ഉൾപ്പെടെ മാറ്റമുണ്ടായിരിക്കുമെന്നും ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുമെന്നുമാണ് ബിജെപി പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
തിരുവനന്തപുരം നഗരത്തിലെ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂൾ അധികൃതരും തികച്ചും ന്യായമായ ആശങ്കകളുമായി എന്നെ സമീപിച്ചിരുന്നു. 2027 ഫെബ്രുവരി 22-നാണ് CBSE പത്താം ക്ലാസ് സയൻസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസമാണ് ആറ്റുകാൽ പൊങ്കാലയും.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാലയിൽ പങ്കെടുക്കാൻ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് നമ്മുടെ തിരുവനന്തപുരത്ത് എത്തുന്നത്. നഗരത്തിലെ മുഴുവൻ സംവിധാനങ്ങളും പൊങ്കാലയ്ക്കായി കേന്ദ്രീകരിക്കപ്പെടുന്ന അന്നേദിവസം പ്രാദേശിക അവധിയുമാണ്.
അത്തരമൊരു ദിവസം റോഡുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുന്നതിനാൽ വിദ്യാർത്ഥികൾക്കും സ്കൂൾ ബസുകൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ ജീവനക്കാർക്കും നഗരത്തിലൂടെ സുഗമമായി സഞ്ചരിക്കുക ഏറെ ബുദ്ധിമുട്ടായിരിക്കും. പൊതുപരീക്ഷ എഴുതുന്ന നമ്മുടെ കുട്ടികൾക്ക് ഇത്തരമൊരു അനാവശ്യ സമ്മർദ്ദം നേരിടേണ്ടിവരരുത്.
അതുകൊണ്ട്, പരീക്ഷ അനുയോജ്യമായ മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ Pralhad Joshi ജിയോട് ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.