ഷിബു ബേബി ജോൺ
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രോത്സവങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ എത്തിക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. ഉത്സവ സീസണുകളിൽ നാട്ടാനകളെ കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സർക്കാരിനുമേൽ സമ്മർദമുണ്ടെങ്കിലും സങ്കീർണമായ നിയമവ്യവസ്ഥകൾ ഇതിന് തടസമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
വിഷയത്തിൽ രാജൻ ജെ. പള്ളൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ആചാരങ്ങളും സംരക്ഷിക്കാൻ സർക്കാരിന് പ്രതിബദ്ധതയുണ്ട്. എന്നാൽ വ്യക്തികൾക്ക് അവരുടെ സ്വന്തം താത്പര്യ പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ അനുവദിക്കാനാവില്ല. സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ സർക്കാർ ശ്രമിക്കുന്നത് നിയമത്തിന്റെ കർശനമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടു മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 324 നാട്ടാനകളാണുള്ളത്. ഇവയുടെ എണ്ണം വർധിപ്പിക്കുന്നതിനു നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണ്. അടുത്തകാലത്തായി തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവന്നത് തികച്ചും താത്കാലിക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനു കേന്ദ്ര സർക്കാരുമായി ചർച്ച നടത്തണമെന്നും വന്യജീവി സംരക്ഷണ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ സമ്മർദം ചെലുത്തണമെന്നും രാജൻ ജെ. പള്ളൻ ആവശ്യപ്പെട്ടു.