ജനശതാബ്ദിയിൽ ഇനി ബക്കറ്റ് ടൈപ്പ് സീറ്റുകൾ; പരാതി ഫലം കണ്ടു
തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ സീറ്റുകൾ സംബന്ധിച്ച പരാതി പരിഹരിച്ച് റെയിൽവേ. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ബക്കറ്റ് ടൈപ്പ് സീറ്റുകളായിരിക്കും ഇനി ജനശതാബ്ദിയിൽ ഉണ്ടായിരിക്കുക. ഇതിനായി 16 കോച്ചുകൾ തിരുവനന്തപgരം ഡിവിഷന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിയിലായിരിക്കും ബക്കറ്റ് ടൈപ്പ് സീറ്റോടു കൂടിയ കോച്ചുകൾ നൽകുക.
അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം- കോഴിക്കോട് ശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് സീറ്റുകളും മാറ്റും. ജനശതാബ്ദിയിൽ പുതുതായി അനുവദിച്ച കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന പരാതി വ്യാപകമായിരുന്നു.
ചെന്നൈയിലുള്ള ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററി ജനശതാബ്ദി സിറ്റിങ് കോച്ചുകൾ നിർമിക്കുന്നത് നിർത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചിൽ നൽകാറുള്ള ചരിവില്ലാത്ത സീറ്റുകളാണ് ജനശതാബ്ദിയിലെ പുതിയ കോച്ചുകളിലും നൽകിയിരുന്നത്. ഇതു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നാണ് ബക്കറ്റ് ടൈപ്പ് സീറ്റോടു കൂടിയ കോച്ചുകൾ നിർമിച്ച് എത്തിച്ചിരിക്കുന്നത്.