തിരുവനന്തപുരം: പാറ്റൂര്‍ സമദ് ഐവിഎഫ് ആശുപത്രിയില്‍ കാന്‍സര്‍ രോഗിക്ക് ടെസ്റ്റ്ട്യൂബ് ശിശു ജനിച്ചു. വൃഷണാര്‍ബുദ അതിജീവിതനാണ് ബീജ ശീതീകരണവും തുടര്‍ന്നുള്ള ഐവിഎഫ് ചികിത്സയും വഴി കുഞ്ഞു ജനിച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ക്ക് സിസേറിയന്‍ വഴിയാണ് ആണ്‍കുഞ്ഞു ജനിച്ചത്. വൃഷണാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സ തേടിയതിന് ശേഷം ആ കൗമാരക്കാരന്‍ ഒടുവില്‍ റീജ്യണൽ കാൻസർ സെന്‍ററില്‍ (ആർസിസി) വരികയായിരുന്നു.
2016ല്‍ അണു ചികിത്സ തുടങ്ങുന്നതിനു തൊട്ടു മുമ്പായി ബീജം ശീതീകരിച്ചു സൂക്ഷിക്കാനും ഭാവിയില്‍ ഐവിഎഫ് ചികിത്സ വഴി കുഞ്ഞെന്ന സ്വപ്‌നം ഉറപ്പു വരുത്താനും സമദ് ആശുപത്രിയിലെ ഡോക്റ്റര്‍മാരെ സമീപിച്ചു. തുടര്‍ന്ന് അര്‍ബുദ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയും കീമോ തെറപ്പിയും ആർസിസിയില്‍ പൂര്‍ത്തീകരിച്ച അതിജീവിതന്‍ പിന്നീട് വിവാഹ ശേഷം വന്നു ശീതീകരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞ് പിറക്കുകയായിരുന്നു. 2002ൽ കാൽനൂറ്റാണ്ട് മുമ്പാണ് തെക്കന്‍ കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്‍റെ ജനനം സമദ് ആശുപത്രിയില്‍ നടന്നത്. ലോകത്തെ അന്നത്തെ മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ അമ്മ ഐവിഎഫ് ചികിത്സ വഴി ജന്മം നല്‍കിയതും ഇവിടെ ആയിരുന്നു.
അര്‍ബുദ ചികിത്സയുടെ ഭാഗമായിഉള്ള കീമോ തെറപ്പി, റേഡിയോ തെറപ്പി ചികിത്സ രീതികള്‍ക്ക് ബീജം, അണ്ഡം പോലെയുള്ള കോശങ്ങളെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയും. അതിനാല്‍, അത്തരം സാഹചര്യങ്ങളില്‍ അര്‍ബുദ ചികിത്സ തുടങ്ങുന്നതിനു മുന്നേ തന്നെ ബീജം അല്ലെങ്കില്‍ അണ്ഡം പുറത്തെടുത്തു ശീതീകരിച്ച് സൂക്ഷിച്ചുവയ്ക്കാം. 2021ല്‍ വന്ന പുതിയ നിയമമനുസരിച്ച് 10 വര്‍ഷം വരെ ഇത്തരത്തില്‍ ബീജം സൂക്ഷിക്കാം. അതിനുശേഷം സൂക്ഷിക്കണമെങ്കിൽ നാഷണല്‍ ബോര്‍ഡിന്‍റെ അനുവാദം വേണം.