കെ. ശ്രീകാന്ത്, രാഹുൽ ഗാന്ധി
കണ്ണൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തെരുവുനായയോട് ഉപമിച്ച് പ്രസംഗം നടത്തിയതിൽ ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരേ കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസിന്‍റേതാണ് നടപടി. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ വച്ചു നടന്ന പൊതുയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് തെരുവുനായയുടെ സ്വഭാവമാണെന്ന തരത്തിൽ വ‍്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് ഇയാൾ നടത്തിയത്.
തെരുവുനായ ലക്ഷ‍്യബോധമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുവെന്നും അതുപോലെയാണ് രാഹുൽ ഗാന്ധിയെന്നും നാട്ടിലെ ഭ്രാന്തന്മാരെ പോലെയാണ് അയാളെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു. ടി.ഒ. മോഹനൻ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.