അമൃത് സിങ് ഡാരൻ

 
Kerala

'ഫോർട്ട് കൊച്ചിയിൽ നിറയെ മുസ്‌ലിംങ്ങൾ, കേരളം അപകടത്തിൽ'; വർഗീയവിഷം വിതറിയ വ്ളോഗർക്കെതിരേ കേസ്

വ്ലോഗറായ അമൃത് സിങ് ഡാരനെതിരേയാണ് കേസെടുത്തിരിക്കുന്നത്

Aswin AM

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും പറഞ്ഞ് വിഡിയോ പങ്കുവച്ച ഉത്തരേന്ത‍്യൻ വ്ലോഗർക്കെതിരേ കേസെടുത്തു. വ്ലോഗറായ അമൃത് സിങ് ഡാരനെതിരേയാണ് ബിഎൻഎസ് 353(2), 192 വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഫോർട്ട് കൊച്ചി പൊലീസിന്‍റേതാണ് നടപടി.

താനിപ്പോള്‍ കേരളത്തിലാണെന്നും ഇത് പറഞ്ഞതിന്‍റെ പേരില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേരള സര്‍ക്കാരാണെന്നും ഇയാള്‍ വിഡിയോയിൽ പറഞ്ഞിരുന്നു. കേരളത്തിൽ മുഴുവൻ ബീഫാണെന്നും കൂടുതലും മുസ്ലീങ്ങളാണെന്നും പറയുന്ന വ്ലോഗർ കേരളം കൈവിട്ട് പോയെന്നും കേന്ദ്രം എത്രയും വേഗം ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ കാശി എന്ന കഫേയില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവില്‍ മുഴുവന്‍ ബീഫ് വിഭവഭങ്ങളായിരുന്നുവെന്നും ഇയാളുടെ ആരോപണം.

ജിന്നയ്ക്ക് ഭാരതത്തില്‍ എന്താണ് കാര്യം. ജിന്ന ഭാരതത്തോട് എന്താണ് ചെയ്തതെന്ന് അറിയാമോ? ജിന്ന ഗാന്ധിയ്ക്കും നെഹ്‌റുവിനുമൊപ്പം ഭാരതത്തെ കീറിമുറിച്ചു. ജിന്നയും ഗാന്ധിയും നെഹ്‌റുവും കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും വിഡിയോയിൽ പറയുന്നു.

"കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കാനായി അറബ് രാജ്യങ്ങളില്‍ നിന്നും ഫണ്ട് വരുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ്. 95 ശതമാനും ബിസിനസ് ഉടമകളും ടാക്‌സി ഡ്രൈവര്‍മാരും റിക്ഷ ഡ്രൈവര്‍മാരും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവരും കമ്മലുകള്‍ വില്‍ക്കുന്നവരും പഞ്ചര്‍ ഒട്ടിക്കുന്നവരും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം മുസ്ലീങ്ങളാണ്. ഇവിടെ എല്ലാവരും മുസ്ലീങ്ങളാണ്. എത്രയും വേഗം വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. ഇപ്പോൾ തന്നെ കേരളം കൈവിട്ട് പോയിരിക്കുകയാണ്", എന്നും അയാൾ വീഡിയോയിൽ പറ‍യുന്നു.

ഇതിന് താഴെ നിരവധി വിമർശനങ്ങളും പിന്തുണകളും എത്തുന്നുണ്ട്. പിന്തുണയുമായെത്തിയവരില്‍ നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയും ഉണ്ട്. സങ്കടകരമായ യാഥാര്‍ഥ്യം (sad reality) എന്നായിരുന്നു ദിയയുടെ കമന്‍റ്. ഈ കമന്‍റ് വലിയ വിമർശനങ്ങൾക്കും ചർച്ചകൾ‌ക്കും വഴി വച്ചതിനു പിന്നാലെ ദിയ കമന്‍റ് ഡിലീറ്റ് ചെയ്തു. എങ്കിലും ഇതിന്‍റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.