രാജു അപ്സര, മോളി ജേക്കബ്
ആലപ്പുഴ: നഗരസഭാ അധ്യക്ഷ മോളി ജേക്കബിനെ പൂതനയെന്നു വിളിച്ചുവെന്ന പരാതിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയ്ക്കെതിരേ കേസ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരേയുള്ള പരാമർശം മാനഹാനി ഉണ്ടാക്കിയെന്നും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് മനോവിഷമം ഉണ്ടാക്കിയെന്നും കാണിച്ച് മോളി ജേക്കബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കൽ തെരുവിലേക്ക് പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിലാണ് വിവാദമായ പരാമർശമുണ്ടായത്.