വിഭജനഭീതി ദിനാചരണം ക്യാംപസുകളിൽ അനുവദിക്കില്ല: എസ്എഫ്ഐ
file
കോട്ടയം: ഇന്ത്യ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന വിഭജനഭീതി ദിനാചരണം ക്യാംപസുകളിൽ നടത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ഓഗസ്റ്റ് 14ന് ദിനാചരണം നടത്താൻ അനുവദിക്കില്ല. ദിനാചരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ അയച്ച കണ്ണൂർ, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ കോലം കത്തിക്കുമെന്നും സഞ്ജീവ് കോട്ടയത്ത് പറഞ്ഞു.
ഓഗസ്റ്റ് 13ന് സംസ്ഥാനത്തെ ക്യാംപസുകളിൽ ഇതിനെതിരായി പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യാചരിത്രത്തെ മാറ്റിമറിക്കാനുള്ള സംഘപരിവാർ തീരുമാനമാണ് ദിനാചരണത്തിന് പിന്നിലുള്ളതെന്നും സഞ്ജീവ് പറഞ്ഞു. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആർഎസ്എസിന്‍റെ ദുരാഗ്രഹം ഗാന്ധിവധത്തിലേക്ക് നയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന്‍റെ ചരിത്രം ഇല്ലാതാക്കാനാണ് ഈ വിഭജനഭീതി ദിനാചരണ നീക്കമെന്നും, ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയും ചരിത്രത്തെ അവമതിക്കുന്ന നീക്കവുമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കോട്ടയം സിഎംഎസ് കോളെജിൽ അജീഷ് വിശ്വനാഥന്‍റെ അനുസ്മരണം സംഘടിപ്പിച്ച വിദ്യാർഥികളെ പുറത്താക്കിയ നടപടി കോളെജ് മാനേജ്മെന്‍റ് പിൻവലിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.