പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ
മലപ്പുറം: സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 988.75 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. നിർമാണ പ്രവർത്തനം ഡിസംബറിൽ തുടങ്ങുമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ആകെ അനുവദിച്ച തുകയിൽ 570 കോടി മലബാർ മേഖലയിലെ റോഡ് പദ്ധതികൾക്കാണ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 21 പദ്ധതികൾക്കായി ഈ തുക വിനിയോഗിക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഫണ്ട് അനുവദിച്ചത്.
പ്രധാന ജില്ലാ റോഡുകൾ, സാധാരണ ജില്ലാ റോഡുകൾ, കോർപറേഷൻ റോഡുകൾ എന്നിവയുടെ വികസനത്തിന് ഫണ്ട് വിനിയോഗിക്കും. നിർമാണപ്രവർത്തനങ്ങൾക്കുള്ള ഭരണപരമായ അനുമതി സംസ്ഥാന സർക്കാർ നേരത്തെ നൽകിയിരുന്നു. സാങ്കേതിക, സാമ്പത്തിക അനുമതികൾ അടക്കമുള്ള തുടർനടപടികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കും.
ദേശീയപാതയുടെ നിലവാരത്തിലാണ് റോഡുകൾ വികസിപ്പിക്കുക. പദ്ധതി പൂർത്തിയായാൽ സംസ്ഥാനത്തെ ഗ്രാമീണ-നഗര റോഡുകളുടെ നിലവാരം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.