മെഡിക്കൽ ഷോപ്പുകളിൽ വ്യാപക പരിശോധന.
Representative image
പൊലീസും എക്സൈസും മെഡിക്കൽ ഷോപ്പുകളിലെ വ്യാപാരം തടസപ്പെടുത്തി പരിശോധന നടത്തുന്നെന്ന് ആരോപിച്ച് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ രംഗത്ത്. ഗുണനിലവാര പരിശോധനയ്ക്ക് എതിരല്ലെന്നും എന്നാൽ അത് സുതാര്യവും വ്യാപാരികളെ ബുദ്ധിമുട്ടിക്കാത്തതുമാകണമെന്നും പ്രസിഡന്റ് എ.എൻ. മോഹനനും ജനറൽ സെക്രട്ടറി ആന്റണി തര്യനും പറഞ്ഞു.
തിരുവനന്തപുരം: ഒരു മരുന്നു വാങ്ങാനെത്തുന്നവർ കടയ്ക്കു മുന്നിൽ പരിശോധനാസംഘത്തെ കണ്ടു മടങ്ങിയാലോ? മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തനം തടസപ്പെടുത്തി പൊലീസും എക്സൈസും പരിശോധന നടത്തുന്നെന്ന് ആരോപിച്ചു കേരളത്തിലെ ഔഷധവ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) രംഗത്തെത്തി.
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി നർക്കോട്ടിക്സ് വിങ്ങും എക്സൈസും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മെഡിക്കൽ ഷോപ്പുകളിൽ വ്യാപാരം തടസപ്പെടുത്തി പരിശോധന നടത്തിയെന്നാണ് ആരോപണം.
പരിശോധനയുടെ പേരിൽ വ്യാപാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന കടകൾക്ക് അപകീർത്തിയുണ്ടാക്കുന്ന പരിശോധനകൾ നിർത്തണമെന്നും എകെസിഡിഎ പ്രസിഡന്റ് എ.എൻ. മോഹനനും ജനറൽ സെക്രട്ടറി ആന്റണി തര്യനും ആവശ്യപ്പെട്ടു.
പരിശോധനയ്ക്ക് എതിരല്ല; രീതിയോടാണ് എതിർപ്പ്
മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനുള്ള പരിശോധനകളെ സംഘടന എതിർക്കുന്നില്ല. എന്നാൽ അവ നിയമാനുസൃതവും സുതാര്യവുമായിരിക്കണമെന്നും വ്യാപാരികൾക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നേതാക്കൾ പറഞ്ഞു.
നിയമങ്ങളും ചട്ടങ്ങളും പാലിച്ചു പ്രവർത്തിക്കുന്ന വ്യാപാരികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സമീപനമാണിതെന്നും അവർ കുറ്റപ്പെടുത്തി. വ്യാപാരമേഖലയിലെ നിലവിലെ പ്രതിസന്ധിക്കിടെ തുടർച്ചയായ പരിശോധനകളും നടപടികളും ചെറുകിട മെഡിക്കൽ ഷോപ്പുടമകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പരിശോധനയ്ക്കു വ്യക്തമായ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്നും വ്യാപാരികളുടെ ആശങ്കകൾ പരിഗണിച്ചു ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.