ചേരാനല്ലൂർ അപകടം; ബെൻസ് ഓടിച്ച 17കാരന് സ്റ്റേഷൻ ജാമ്യം, വിട്ടയച്ചു
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് 54കാരൻ മരിച്ച കേസിൽ 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പൊലീസ്. ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്ന ഉപാധിയോടെയാണ് കുട്ടിയെ വിട്ടയച്ചത്. തട്ടുകട ഉടമയും മാഞ്ഞാലി സ്വദേശിയുമായ ജയപാലകൃഷ്ണനാണ് മരിച്ചത്. ഇരിങ്ങാലക്കുട കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് റിനോ ഫ്രാൻസിസിന്‍റെ 17കാരനായ മകനാണ് വാഹനമോടിച്ചിരുന്നത് പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് അപകടമുണ്ടായത്.
ജഡ്ജിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വാഹനം ഉടമയ്ക്ക് എതിരേയായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മഴ മൂലം മുന്നിലുണ്ടായിരുന്ന സ്കൂട്ടർ കാണാൻ കഴിഞ്ഞില്ലെന്നാണ് കുട്ടി നൽകിയിരിക്കുന്ന വിശദീകരണം.
പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തത് ചോദ‍്യം ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് ജഡ്ജി അപമര‍്യാദയായി സംസാരിച്ചെന്നും ആരോപണം ഉയർന്നിരുന്നു. അപകടമുണ്ടായതിനു ശേഷം 17കാരൻ വാഹനം നിർത്താതെ പോയെന്നാണ് കുടുംബം പറയുന്നത്.
പ്രതിക്കെതിരേ മനപൂർവമല്ലാത്ത നരഹത‍്യയ്ക്ക് കേസെടുക്കാൻ ചേരാനല്ലൂർ സിഐ ശ‍്യാംകുമാർ നിർദേശിച്ചിട്ടുണ്ട്. ആവശ‍്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പ്രതി മദ‍്യപിച്ചിട്ടില്ലെന്നും മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര‍്യം പരിശോധിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്‍റെ അനുമതിക്ക് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.