അപകടത്തിൽ പെട്ട വാഹനങ്ങൾ

 
Kerala

ചേരാനല്ലൂർ വാഹനാപകടം; 17കാരന്‍റെയും അമ്മയുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം

വാഹനം ഓടിച്ച 17കാരന്‍റെയും അമ്മയുടെയും മൊഴിയാണ് ആലുവയിലെ വീട്ടിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്

Aswin AM

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് 54കാരൻ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം 2 പേരുടെ മൊഴി രേഖപ്പെടുത്തി. വാഹനം ഓടിച്ച 17കാരന്‍റെയും അമ്മയുടെയും മൊഴിയാണ് ആലുവയിലെ വീട്ടിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

17കാരന്‍റെ പിതാവും ഇരിങ്ങാലക്കുട കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജുമായ റിനോ ഫ്രാൻസിസിന്‍റെ മൊഴിയെടുക്കുന്ന കാര‍്യത്തിൽ അനുമതി ലഭിതായി അന്വേഷണ സംഘം വ‍്യക്തമാക്കി.

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. തട്ടുകട ഉടമയും മാഞ്ഞാലി സ്വദേശിയുമായ ജയപാലകൃഷ്ണനാണ് മരിച്ചത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മഴ മൂലം മുന്നിലുണ്ടായിരുന്ന സ്കൂട്ടർ കാണാൻ കഴിഞ്ഞില്ലെന്നാണ് കുട്ടി നൽകിയിരിക്കുന്ന വിശദീകരണം.

പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തത് ചോദ‍്യം ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ച് ജഡ്ജി അപമര‍്യാദയായി സംസാരിച്ചെന്നും ആരോപണം ഉയർന്നിരുന്നു. അപകടമുണ്ടായതിനു ശേഷം 17കാരൻ വാഹനം നിർത്താതെ പോയെന്നാണ് കുടുംബം പറയുന്നത്. ജഡ്ജിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു.