ചേരാനെല്ലൂര്‍ അപകടം; അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കേസെടുത്തേക്കും
എറണാകുളം: ചേരാനല്ലൂര്‍ അപകടത്തില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കേസ് എടുക്കാന്‍ നീക്കം. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിലാണ് നടപടി. ഇക്കാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, പ്രതിയുടെ മൊഴി പുറത്തു വന്നു. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാര്‍ എടുത്തതെന്നും അപകട സമയത്ത് മഴയുണ്ടായിരുന്നതിനാൽ സ്കൂട്ടർ കണ്ടില്ലെന്നുമാണ് 17 കാരന്‍റെ മൊഴി. നിലവില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പതിനേഴുകാരനെതിരേ ചുമത്തിയിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം നല്‍കണമോ എന്നതില്‍ ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിനോട് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പ്രതിക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യ മാത്രം ചുമത്തി കേസ് എടുത്തു. ചേരാനെല്ലൂര്‍ കണ്ടെയ്നര്‍ റോഡിന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.