ചേരാനല്ലൂർ അപകടം: വീഴ്ച പറ്റിയെന്ന് ആഭ്യന്തര മന്ത്രി, നാല് പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ എസ്എച്ച്ഒ വിശ്വജിത് , സിഐ രാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചത്. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ഡിയുടെ മകൻ ഓടിച്ച വാഹനം ഓടിച്ചാണ് മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ മരിച്ചത്. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ അച്ഛനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപകടക്കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മതിച്ചിരുന്നു. എഡിജിപി പി. വിജയൻ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരിശോധന നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് സസ്പെൻഷൻ. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും എഫ്ഐആർ ഇടുന്നതിൽ കാലതാമസം വരുത്തിയെന്നും നാട്ടുകാർ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നും പൊലീസിനെതിരേ ആരോപണം ഉയർന്നിരുന്നു.
അപകടം നടന്ന് 32 മണിക്കൂറിനു ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജയബാലകൃഷ്ണന്റെ മക്കൾ പൊലീസിനെതിരേ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയതിനു ശേഷമാണ് മക്കൾ സ്റ്റേഷനു മുന്നിലെ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിച്ചത്.