അപകടത്തിൽപ്പെട്ട വാഹനങ്ങൾ

 
Kerala

ചേരാനല്ലൂർ വാഹനാപകടം; കാർ ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

വാഹനത്തിന്‍റെ ആർസി ഉടമസ്ഥൻ എന്ന നിലയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

Sarath Nath MS

കൊച്ചി: ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17കാരന്‍റെ പിതാവായ അഡിഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരേ പൊലീസ് കേസെടുത്തു. വാഹനത്തിന്‍റെ ആർസി ഉടമസ്ഥൻ എന്ന നിലയിലാണ് പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയാണ് റിനോ ഫ്രാൻസിസ്. 2022ലാണ് അപകടമുണ്ടാക്കിയ ബെൻസ് കാർ ജഡ്ജി വാങ്ങിയത്. തുടർന്ന് ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചുവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകൻ ഓടിച്ച ഈ കാറിടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ 17കാരന് മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.

തുടർന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പ്രതിഷേധം ഉയർന്നതോടെ പൊലീസ് രാത്രി വൈകി വീണ്ടും 17കാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിക്ക് വീണ്ടും ജാമ്യം അനുവദിച്ചിരുന്നു. അതേസമയം മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.