എഡിജിപി പി. വിജയൻ
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം ഉപയോക്താവിനെതിരേ പൊലീസ് കേസെടുത്തു. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം അന്വേഷിക്കാൻ എത്തിയതിനു പിന്നാലെയാണ് എഡിജിപിക്കെതിരേ മോശം പരാമർശമുണ്ടായത്.
രാഹുൽ റെജു എന്ന ആൾക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്. എഡിജിപിയുടെ ഓഫീസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇൻസ്റ്റഗ്രാം ഉപയോക്താവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
ഒക്റ്റോബർ 28ന് ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ താഴെയാണ് അപകീർത്തികരമായ കമന്റുകൾ ഇട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. അപകടത്തിനുശേഷം എഡിജിപി വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിക്കാനെത്തിയതുമായി ബന്ധപ്പെട്ടാണ് വീഡിയോ. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അപകീർത്തിപ്പെടുത്താനും അപമാനിക്കാനും സ്പർധയും തെറ്റിദ്ധാരണയും സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കമന്റുകളെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു. ബിഎൻഎസ് 296(ബി), ഐടി നിയമം 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.