മരിച്ച സജി

 
Kerala

എട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലി; ചിറയിൻകീഴിലെ യുവാവിന്‍റെ മരണം പൊലീസ് മർദനത്തെ തുടർന്ന്, പ്രതിഷേധവുമായി നാട്ടുകാർ

അയൽവാസിയെ പൊലീസ് മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം

MV Desk

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അയൽവാസിയെ പൊലീസ് മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് സജിയുടെ അയൽവാസിയായ വിഘ്നേശ്വരനെ പിടിക്കാനാണ് പൊലീസ് എത്തിയത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലാണ് പൊലീസ് എത്തിയത്. പരിശോധനയിൽ നാല് ലിറ്റർ വിദേശ മദ്യം പൊലീസ് പിടികൂടി. പിന്നാലെ വിഘ്നേശ്വരനെ വിഘ്നേശ്വരനെ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചതോടെയാണ് സജിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയത്.

എട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നുമാണ് പരാതി. പിന്നീട് വിഘ്നേശ്വരനുമായി പൊലീസ് സംഘം മടങ്ങി. അവശനിലയിലായ സജിക്ക് രാത്രിയോടെ ഛർദിയും അസ്വസ്ഥതയുമുണ്ടായി. രക്തം ഛർദിച്ചതിനെ തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മരുന്ന് നൽകി വീട്ടിലേക്ക് മടക്കി. തിങ്കളാഴ്ച സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.